ചണ്ഡീഗഢ്: ചണ്ഡീഗഢിൽ വൻ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. സെക്ടർ 43-ലെ ബസ് ടെർമിനലിന് സമീപത്തുനിന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലവ്പ്രീത് സിംഗ് (19), ജഷൻപ്രീത് സിംക് (21), പ്രഭ്പ്രീത് സിംഗ് (19) എന്നിവരാണ് പിടിയിലായത്. ഇവർ വിഘടനവാദി സംഘടനയായ ബബർ ഖൽസയുമായി ബന്ധമുള്ളവരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികളുടെ പക്കൽനിന്ന് ടിഫിൻ ബോക്സിൽ ഒളിപ്പിച്ച നിലയിൽ ഐഇഡി എന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവും അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും ഇവർ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കണ്ടെടുത്തു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.